Join Our Whats App Group

എന്തുകൊണ്ടാണ് മിടുക്കരായ പല കുട്ടികളും എഞ്ചിനീയറിങ്ങ് തിരഞ്ഞെടുക്കാൻ മടിക്കുന്നത്? ; മുരളി തുമ്മാരുകുടി എഴുതുന്നു


 മുരളി തുമ്മാരുകുടി, നീരജ ജാനകി

ഈ കൊറോണക്കാലത്ത് കൊറോണയെപ്പറ്റി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതോടൊപ്പം ഞങ്ങൾ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും കഴിഞ്ഞ കുട്ടികൾക്ക് കരിയർ കൗൺസലിങ്ങും നൽകുന്നുണ്ട്. ജോലിയുടേയും മറ്റും തിരക്കുള്ളതിനാൽ തൽക്കാലം ഒന്നോ രണ്ടോ കുട്ടികളോട് മാത്രമാണ് ഒരു ദിവസം സംസാരിക്കാൻ സാധിക്കുന്നത്.

പഠനത്തിനുള്ള മികവ്, താല്പര്യങ്ങൾ, മാതാപിതാക്കളുടെ സാന്പത്തിക സാഹചര്യം എന്നിങ്ങനെ കുട്ടികളുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. എന്നാലും സ്ഥിരമായി വരുന്ന ചില അന്വേഷണങ്ങളിലൊന്നാണ് എഞ്ചിനീയറിങ്ങ് പഠനത്തെക്കുറിച്ചുള്ളത്. “സാർ എൻറെ മകൾക്ക്/മകന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ട്, കണക്കിന് നല്ല മാർക്കുമുണ്ട്, പക്ഷെ അവന്/അവൾക്ക് എഞ്ചിനീയറിങ്ങിന് പോകാൻ താല്പര്യമില്ല. മറ്റേത് കോഴ്സിനാണ് പോകേണ്ടത് എന്ന് നിർദേശിക്കാമോ?”

എന്തുകൊണ്ടാണ് കുട്ടിക്ക് എഞ്ചിനീയറിങ്ങിന് പോകാൻ താല്പര്യമില്ലാത്തത് എന്ന ചോദ്യത്തിന് പക്ഷെ വ്യക്തമായ ഉത്തരമില്ല.

എന്ത് കോഴ്സിന് പോകാനാണ് കുട്ടിക്ക് താല്പര്യം എന്നതിനും വ്യക്തമായ ഉത്തരമില്ല.

എന്തുകൊണ്ടാണ് മിടുക്കരായ പല കുട്ടികളും എഞ്ചിനീയറിങ്ങ് തിരഞ്ഞെടുക്കാൻ മടിക്കുന്നത്?

എൻജിനീയർമാരുടെ എണ്ണത്തിലുണ്ടായ വർദ്ധന, എഞ്ചിനീയറിങ്ങ് കോളേജുകളിലെ കൂട്ടത്തോൽവി, ബാങ്ക് ക്ലർക്ക് പരീക്ഷ മുതൽ പിഎസ്‌സി പരീക്ഷകളിൽ വരെ കാണുന്ന എഞ്ചിനീയറിങ്ങ് ബിരുദധാരികളുടെ ആധിക്യം, ജോലി ലഭിക്കാത്ത അനവധി എഞ്ചിനീയർമാർ ചുറ്റുമുള്ളത്, നമ്മുടെ എഞ്ചിനീയറിങ്ങ് കോളേജുകളിൽ പഠിച്ചു പാസ്സായി വരുന്നതിൽ പത്തിൽ എട്ടു പേരും ജോലി ചെയ്യാനുള്ള സ്കിൽ ഉള്ളവരല്ല എന്നുള്ള റിപ്പോർട്ടുകൾ, എൻജിനീയറിങ്ങ് ജയിച്ചവരേയും തോറ്റവരേയും പറ്റിയുള്ള തമാശകളും ട്രോളുകളും എല്ലാം എഞ്ചിനീയറിങ്ങിന്റെ കാലം കഴിഞ്ഞു എന്ന പ്രതീതി കുട്ടികളിൽ ഉണ്ടാക്കുന്നു.

ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്പോഴും എഞ്ചിനീയറിങ്ങ് പഠിച്ചു പാസ്സാകാൻ സ്കില്ലും താല്പര്യവുമുള്ള കുട്ടികൾ തീർച്ചയായും അതൊരു കരിയർ ആയി പരിഗണിക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ പക്ഷം. ഇതിന് പല കാരണങ്ങളുണ്ട്.

1. ലോകം നാലാം വ്യവസായ വിപ്ലവത്തിലേക്ക് കടക്കുകയാണ്. സാങ്കേതിക വിദ്യകളുടെ ചട്ടക്കൂടാണ് ഇതിനെ നയിക്കാനും നിലനിർത്താനും പോകുന്നത്. ഇന്ന് എൻജിനീയർമാർ അധികം ഇടപെടാത്ത കോടതി മുതൽ ആശുപത്രി വരെയുള്ള കർമ്മമണ്ഡലങ്ങളിലെ ആട്ടോമേഷനും നിർമ്മിതബുദ്ധിയുടെ ഉപയോഗവുമെല്ലാം ഇനിയങ്ങോട്ട് എൻജിനീയർമാർ കൈകാര്യം ചെയ്യേണ്ടി വരും. നാലാം വ്യവസായവിപ്ലവത്തിലെ തൊഴിൽ സേനയായി തയ്യാറെടുക്കാൻ ഏറ്റവും കൂടുതൽ അടിസ്ഥാനമുള്ളത് എഞ്ചിനീയർമാർക്ക് തന്നെയാണ്. നമ്മുടെ സന്പദ്‌വ്യവസ്ഥയിൽ എൻജിനീയർമാരുടെ ആവശ്യം കൂടിക്കൊണ്ടേയിരിക്കും. അതിൻറെ പ്രതിഫലനം സമൂഹത്തിൽ എൻജിനീയർമാരുടെ മൂല്യത്തിലും ഉണ്ടാകും.

2. ഒരു രാജ്യത്തെ എഞ്ചിനീയറിങ്ങ് ബിരുദം പൊതുവെ മറ്റേതൊരു രാജ്യത്തും ജോലികൾ ചെയ്യാൻ ചെയ്യാനുള്ള അടിസ്ഥാന യോഗ്യതയാണ്. ചില രാജ്യങ്ങളിൽ അവിടുത്തെ പ്രൊഫഷണൽ ബോഡികളിൽ രജിസ്റ്റർ ചെയ്യേണ്ടിവരുമെന്ന് മാത്രം. മെഡിസിനോ നിയമമോ ഉൾപ്പെടെ മറ്റ് പ്രൊഫഷണൽ വിഷയങ്ങളിൽ ഒരു രാജ്യത്തെ ഡിഗ്രി മറ്റൊരു രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ അവരെ അനുവദിക്കില്ല. അതിനായി കൂടുതൽ പരിശീലനങ്ങൾ, പുതിയ പരീക്ഷകൾ എല്ലാം വേണ്ടിവരും. അപ്പോൾ ആഗോളമായ ഒരു തൊഴിൽ ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഡിഗ്രിയാണ് എൻജിനീയറിങ്.

3. ഇന്ത്യയിലെ മിക്ക ഡിഗ്രികളും മൂന്നു വർഷ കോഴ്‌സാണെങ്കിലും മറ്റു പല രാജ്യങ്ങളിലും നാലു വർഷമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഡിഗ്രി പല രാജ്യങ്ങളിലും ബിരുദത്തിന് തുല്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല. വിദേശങ്ങളിൽ ഉപരിപഠനം നേടുന്നതിനും തൊഴിൽ വിസ ലഭിക്കുന്നതിനും ഇത് തടസ്സമാകുന്നു. എഞ്ചിനീയറിങ്ങ് പഠനം നാലു വർഷ കോഴ്‌സായതുകൊണ്ട് ഇതൊരു പ്രശ്നമല്ല.

4. എഞ്ചിനീയറിങ്ങ് ബിരുദത്തിൻറെ സിലബസിന് വ്യാപകമായ അടിത്തറയുണ്ട്. സിവിൽ എൻജിനീയറിങ് പഠിക്കുന്ന ഒരാൾ രസതന്ത്രം, ഭൗതിക ശാസ്ത്രം, എക്കണോമിക്സ്, മെറ്റീരിയൽ സയൻസ്, മാനേജ്‌മെന്റ്, ഗണിത ശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങൾ കൂടി പഠിക്കുന്നു. പഠനശേഷം എഞ്ചിനീയറിങ്ങിനപ്പുറം മാനേജ്‌മെന്റിലോ അഡ്മിനിസ്ട്രേഷനിലോ ജോലിചെയ്യാനും ശോഭിക്കാനും എഞ്ചിനീയർമാർക്ക് കഴിയുന്നത് ഈ അടിത്തറ ഉള്ളതുകൊണ്ടാണ്.

5. കൊറോണാനന്തര ലോകത്ത് തൊഴിലുകൾ ലോകത്തെവിടെയിരുന്നും ചെയ്യാം എന്ന സാഹചര്യമുണ്ടാകുന്പോൾ ഏറ്റവും കൂടുതൽ അതിർത്തികൾ കടക്കാൻ പോകുന്നത് എൻജിനീയർമാരുടെ തൊഴിലുകളാണ്. കാരണം സാങ്കേതിക വിദ്യ ഏറ്റവും ഉപയോഗിക്കുന്നതും ഫ്രണ്ട് ലൈനിൽ കസ്റ്റമറുമായി ഏറ്റവും കുറവ് ഇടപെടൽ വേണ്ടതുമാണ് എൻജിനീയറിങ് ജോലികൾ. ഇപ്പോൾ വിസ നിയന്ത്രണങ്ങൾ മൂലം നമുക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത അനവധി രാജ്യങ്ങളിലെ (ജപ്പാൻ, ചൈന, യൂറോപ്യൻ രാജ്യങ്ങൾ) ജോലികളും ഇനി കേരളത്തിൽ എത്തും.

6. 3 D പ്രിന്റിങ്ങ് സാങ്കേതിക വിദ്യയുടെ വളർച്ചയും കൊറോണയുണ്ടാക്കിയ ആഗോള സപ്ലൈ ചെയിൻ ഡിസ്റ്റർബൻസിന്റെ പേടിയും നിർമ്മാണത്തെ കൂടുതൽ പ്രാദേശികമാക്കാൻ പോകുകയാണ്. നമുക്ക് ആവശ്യമായ ഒരു അന്താരാഷ്ട്ര ബ്രാൻഡ് കാർ, ആവശ്യമുള്ള ഘടകങ്ങളെല്ലാം ചേർത്ത് നമ്മൾ തന്നെ ഡിസൈൻ ചെയ്തത് നമ്മുടെ സംസ്ഥാനത്ത് തന്നെയുള്ള ഒരു 3D പ്രിന്റിങ്ങ് സ്ഥാപനത്തിൽ ഉണ്ടാക്കിയെടുക്കുന്ന കാലം വിദൂരമല്ല.

ഇതെല്ലാം എൻജിനീയറിങ്ങിന്റെ സാധ്യതകളും എൻജിനീയർമാരുടെ അവസരങ്ങളും വർധിപ്പിക്കുന്നു. ഒരുകാലത്ത്, എഞ്ചിനീയറിങ്ങ് ബിരുദം ലഭിച്ചാൽ തൊഴിലിനായി കേരളം വിട്ടുപോകണം എന്ന സാഹചര്യത്തിൽനിന്നും നാട്ടിൽ ഏറ്റവും കൂടുതൽ തൊഴിൽ ലഭിക്കാൻ സാധ്യതയുള്ള പ്രൊഫഷനായി മാറും എഞ്ചിനീയറിങ്ങ്.

7. വികസിത രാജ്യങ്ങളിൽ എഞ്ചിനീയറിങ്ങിന് പോകുന്ന പെൺകുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്. പക്ഷെ കേരളത്തിൽ പെൺകുട്ടികളും എഞ്ചിനീയറിങ്ങ് ഏറെ ഇഷ്ടപ്പെടുന്നു. വിദേശത്ത് ഉന്നത വിദ്യാഭ്യാസം താൽപര്യപ്പെടുന്ന പെൺകുട്ടികൾക്ക് എഞ്ചിനീയറിങ്ങ് കൂടുതൽ അവസരം നൽകും.

8. നമ്മുടെ മിടുക്കരായ പല കുട്ടികളും എഞ്ചിനീയറിങ്ങിന് ചേരാതെ എൻവിറോണ്മെന്റൽ സയൻസ്, ബയോടെക്‌നോളജി, ഫോറൻസിക് സയൻസ്, സൈബർ സെക്യൂരിറ്റി, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നൊക്കെയുള്ള കൂടുതൽ ആധുനികമെന്ന് തോന്നിപ്പിക്കുന്ന ഡിഗ്രി കോഴ്‌സുകൾക്ക് ചേരുന്ന പ്രവണത കണ്ടിട്ടുണ്ട്. ഒരു വിഷയത്തിൽ തീവ്രമായ താല്പര്യമുള്ളവർ അതിന് ചേരുന്നതിൽ തെറ്റൊന്നുമില്ല.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞിട്ടുള്ളതു പോലെ ചില കാരണങ്ങൾകൊണ്ട് മാത്രം അഭിരുചിയുണ്ടായിട്ടും എഞ്ചിനീയറിങ് വേണ്ടെന്നു തീരുമാനിച്ച് ഇത്തരം അണ്ടർഗ്രാജുവേറ്റ് കോഴ്സുകൾക്ക് ചേരുന്ന പ്രവണത കരിയറിനു നല്ലതല്ല. മേൽ പറഞ്ഞ കോഴ്‌സുകൾ ആഗോളമായി നല്ല വിഷയങ്ങൾ തന്നെയാണ്, പക്ഷെ നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ തൊഴിൽ സാദ്ധ്യതകൾ വികസിച്ചിട്ടില്ല. വിദേശത്ത് പഠിക്കാനും ജോലിക്കും പോകാനുള്ള കടന്പകൾ പലതുണ്ട് താനും. എഞ്ചിനീയറിങ്ങ് പഠിച്ചിരുന്നെങ്കിൽ നല്ല കരിയർ ഉണ്ടാകുമായിരുന്ന പല മിടുക്കരും മുൻപറഞ്ഞ വിഷയങ്ങൾ എടുത്ത് കുഴപ്പത്തിലാകുന്നത് പലപ്പോഴും കാണാം.

9. മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് ചില കുട്ടികൾക്ക് കണക്ക്, ഫിസിക്സ്, കെമിസ്‌ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ നല്ല താല്പര്യമുള്ളതുകൊണ്ട് അവർ അത് തന്നെ പഠിക്കാൻ ആഗ്രഹിക്കുന്നു. ഇത് നല്ല കാര്യമാണെങ്കിലും നമ്മുടെ സാധാരണ ആർട്സ് കോളേജുകളിൽ ബിരുദപഠനത്തിന് വരുന്ന പല കുട്ടികളും ആ വിഷയത്തോടുള്ള താല്പര്യം കൊണ്ടല്ല അവിടെ എത്തുന്നത്. എഞ്ചിനീയറിങ്ങോ, മെഡിസിനോ, ആയുർവേദമോ, നിയമമോ പഠിക്കാൻ അഡ്മിഷൻ കിട്ടാത്തതുകൊണ്ടാണ്. ഗണിതശാസ്ത്രം മനസ്സിലാക്കുക എന്നതിനേക്കാൾ ഒരു ഡിഗ്രി എടുത്ത് എങ്ങനെയെങ്കിലും പി എസ് സി പരീക്ഷ എഴുതി സർക്കാരിൽ ജോലി സന്പാദിക്കുക എന്നതായിരിക്കും അവരുടെ പ്രധാന ലക്ഷ്യം.

അപ്പോൾ വിഷയത്തിൽ താല്പര്യമുള്ള ഒരാൾ അത്തരമൊരു ക്ലാസിൽ വന്നുപെട്ടാൽ അതൊരു നല്ല പഠന അന്തരീക്ഷമല്ല അവർക്ക് നൽകുന്നത്. അടിസ്ഥാന വിഷയങ്ങളിൽ തീവ്രമായ താല്പര്യമുള്ളവർ തീർച്ചയായും ഐ ഐ ടി യും, ഐ ഐ എസ് ഇ ആറും ഉൾപ്പെടെയുള്ള നല്ല സ്ഥാപനങ്ങളിൽ പോകണം. പഠിച്ചിരുന്ന കാലത്ത് എഞ്ചിനീയറിങ്ങിന് ഉയർന്ന മെറിറ്റിൽ അഡ്മിഷൻ കിട്ടാൻ കഴിവുണ്ടായിരുന്നിട്ടും നിർബന്ധിതമായി നാട്ടിലെ ആർട്സ് കോളേജിൽ അടിസ്ഥാന വിഷയങ്ങൾ പഠിക്കുകയും പിൽക്കാലത്ത് അതിൽ ഒരു കരിയർ ഉണ്ടാക്കിയെടുക്കാൻ പറ്റാത്തതിൽ വിഷമിക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്.

10. ഇതിന്റെ അർത്ഥം നമ്മുടെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം ഏറ്റവും ഉത്തമമാണെന്നല്ല. കരിക്കുലത്തിൽ, പഠന രീതികളിൽ, ഭാഷ പഠിപ്പിക്കാത്തതിൽ, ഫീൽഡുമായി വേണ്ടത്ര ബന്ധിപ്പിക്കാത്തതിൽ, പഠിച്ചു പാസ്സാകാൻ കഴിവില്ലാത്തവരെ വേണ്ടത്ര ഉപദേശം കൊടുത്തു വേറെ കോഴ്‌സുകളിലേക്ക് തിരിച്ചു വിടാനുള്ള സംവിധാനം ഇല്ലാത്തതിൽ, വേണ്ടത്ര അധ്യാപകർ ഇല്ലാത്തതിൽ എന്നിങ്ങനെ ഈ രംഗത്ത് കുഴപ്പങ്ങൾ അനവധിയുണ്ട്. അതിനെപ്പറ്റി ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നമ്മുടെ എഞ്ചിനീയറിങ്ങ് പഠനം കാലാനുസൃതമാക്കാനുള്ള ശ്രമങ്ങൾ തുടരണം.

ഇതൊക്കെ നിലനിൽക്കുന്പോഴും 1980 കളിൽ കേരളത്തിൽ ആറ് എഞ്ചിനീയറിങ്ങ് കോളേജുകളുള്ള കാലത്തും, ഇന്ന് 2020 ൽ കേരളത്തിൽ 160 എഞ്ചിനീയറിങ്ങ് കോളേജുകൾ ഉള്ളപ്പോഴും എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസമെന്നത് മിടുക്കരായ വിദ്യാർത്ഥികൾക്ക് നല്ല കരിയർ ചോയ്‌സ് തന്നെയാണെന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group