കൊച്ചി: കേരളത്തിലെ ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന നിധി പ്രയാസ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്രസാങ്കേതിക വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേരള എന്നിവയുടെ സംയുക്ത സംരംഭമായ കളമശ്ശേരിയിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.
കേന്ദ്രസര്‍ക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ കീഴില്‍ വരുന്ന ഈ പദ്ധതിയുടെ കേന്ദ്രം കഴിഞ്ഞ വര്‍ഷമാണ് മേക്കര്‍വില്ലേജിന് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം 23 സ്റ്റാര്‍ട്ടപ്പുകള്‍ നിധി പ്രയാസ് പദ്ധതി വഴി ധനസഹായം നേടിയിട്ടുണ്ടെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. എല്ലാ സംരംഭങ്ങളും തങ്ങളുടെ ഉത്പന്നമാതൃകകള്‍ പുറത്തിറക്കി വിജയകരമായി മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് പരമാവധി പത്തു ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. 18 വയസ്സിന് മേല്‍ പ്രായമുള്ളവരാകണം സംരംഭകര്‍. സംരംഭം തുടങ്ങി ഏഴ് വര്‍ഷത്തില്‍ കൂടുതലാകാന്‍ പാടില്ല. വാര്‍ഷിക വിറ്റുവരവ് 25 ലക്ഷം രൂപയില്‍ താഴേയായിരിക്കണം. നിധി പ്രയാസ് വഴി നേരത്തെ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ധനസഹായം ഉപയോഗിച്ച് പുതിയ ഉത്പന്ന മാതൃക നിര്‍മ്മിക്കണം. 2020 ജൂണ്‍ 20 നകം https://ift.tt/2Ai4JJP എന്ന വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഡെവലപ്പിംഗ് ആന്‍ഡ് ഹാര്‍നെസ്സിംഗ് ഇനോവേഷന്‍സ് എന്നാണ് നിധി പദ്ധതിയുടെ പൂര്‍ണരൂപം. യുവാക്കളായ സംരംഭരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങളെ മാതൃകകളാകക്കി വികസിപ്പിക്കുന്നതിനും സഹായം നല്‍കുന്ന പദ്ധതിയാണിത്.
മികച്ച ആശയം കൈമുതലായിട്ടുണ്ടെങ്കിലും അത് മാതൃകയാക്കി മാറ്റാനുള്ള ധനസഹായം ലഭിക്കാനാണ് സംരംഭകര്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടേണ്ടി വരുന്നത്. അര്‍ഹരായ സംരംഭകര്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ സഹായം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
അടിസ്ഥാന സൗകര്യം, സാങ്കേതിക ഉപദേശം, വാണിജ്യ ഉപദേശം, മാതൃകാനിര്‍മ്മാണത്തിനുള്ള സഹായം, എന്നിവ അടങ്ങുന്നതാണ് നിധി പ്രയാസ് കേന്ദ്രം. മേക്കര്‍ വില്ലേജിലെ 5000 ചതുരശ്ര അടി സ്ഥലമാണ് നിധി പ്രയാസിനായി മാറ്റി വച്ചിട്ടുള്ളത്. ഭാവന, രൂപകല്‍പന,
മാതൃകാനിര്‍മ്മാണം, പ്രതിഫലനം, എന്നീ ഘട്ടങ്ങളിലൂടെ സംരംഭകര്‍ക്ക് കടന്നു പോകാന്‍ തക്ക വിധത്തിലുള്ള മേക്കര്‍ ലാബ് ഇതിന്‍റെ ഭാഗമാണ്.
Post a Comment