Dream vester competition for new innovation
സംരംഭക വർഷം
എട്ട് മാസങ്ങൾക്കുള്ളിൽ വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സൃഷ്ടിച്ചത് 2 ലക്ഷം തൊഴിലവസരങ്ങളെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിന്റെ കാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലുമെല്ലാം സമാനതകളില്ലാത്ത നേട്ടമാണ് പദ്ധതി കൈവരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിച്ച് 235 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം. 5655.69 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് കടന്നുവന്നതിനൊപ്പം 92,000 സംരംഭങ്ങളും പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്.
ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങൾ ഈ രണ്ട് ജില്ലകളിൽ സൃഷ്ടിക്കപ്പെട്ടു. കൊല്ലം, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പതിനയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന കാസർഗോഡ്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രമാണ് പതിനായിരത്തിൽ കുറവ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് ഈ ജില്ലകൾക്കും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ മാർച്ച് 30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സംരംഭക വർഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. തുടർന്ന് സംരംഭക വർഷത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സംസ്ഥാന-ജില്ലാ-തദ്ദേശ സ്ഥാപന തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു.
ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1,153 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കുന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹെല്പ് ഡെസ്ക്ക് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നിക്ഷേപസൗഹൃദ നടപടികൾ സംരംഭകത്വത്തിലേക്ക് കാലെടുത്തു വെക്കുന്നതിന് ശങ്കിച്ചുനിന്നവരെയും പദ്ധതിയുടെ ഭാഗമാക്കാൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. ഒരു വർഷം കൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും അതിനേക്കാൾ ഉയർന്ന നേട്ടം കൈവരിക്കാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന 130 ദിവസങ്ങൾക്കുള്ളിൽ കേരളത്തിന്റെ വ്യാവസായിക ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം സംരംഭക വർഷത്തിലൂടെ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
നൂതനാശയങ്ങൾ അവതരിപ്പിച്ചു സമ്മാനം നേടാൻ ഡ്രീംവെസ്റ്റർ മത്സരം
സംരംഭക വർഷം പദ്ധതിയുടെ പശ്ചാത്തലത്തിൽ നടപ്പിലാക്കുന്ന സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി നൂതനാശയങ്ങളുള്ള സംരംഭകർക്ക് അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും സമ്മാനങ്ങൾ നേടാനുമുള്ള അവസരവുമായി ഡ്രീംവെസ്റ്റർ മത്സരം. 2022 ഡിസംബർ 23 വരെ ആശയങ്ങൾ സമർപ്പിക്കാം. 1-ാം സ്ഥാനത്തിന് 5 ലക്ഷം രൂപയും 2-ാം സ്ഥാനത്തിന് 3 ലക്ഷം രൂപയും 3-ാം സ്ഥാനത്തിന് 2 ലക്ഷം രൂപയും സമ്മാനം ലഭിക്കും. 4 മുതൽ 10 സ്ഥാനം വരെയുള്ളവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 സ്ഥാനം വരെയുള്ളവർക്ക് 25000 രൂപ വീതവും സമ്മാനം ലഭിക്കും. 4 ലെവലുകളായാണ് മത്സരം നടക്കുന്നത്.
തെരഞ്ഞെടുക്കുന്ന എല്ലാ ആശയങ്ങൾക്കും സർക്കാർ ഉടമസ്ഥതയിലുള്ള ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിങ്ങ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണിബന്ധങ്ങൾ എന്നീ സഹായം ലഭ്യമാക്കും. വിവരങ്ങൾക്ക് : +91-471-2302774 [email protected] Directorate of Industries and Commerce,
3rd Floor, Vikas Bhavan,
Thiruvananthapuram, Kerala 695033
https://ift.tt/asQom2D
إرسال تعليق