തിരുവനന്തപുരം: തൊഴിലന്വേഷകര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ടെക്‌നോപാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ടെക്‌നോപാര്‍ക്കിലെ ഇന്റേണ്‍ഷിപ്പ് ഫെയര്‍ ഓഗസ്റ്റ് 20ന് നടക്കും. തിരുവനന്തപുരം, കൊല്ലം ടെക്‌നോപാര്‍ക്കുകളിലെ വിവിധ കമ്പനികളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് ഫെയ്‌സ് വണ്ണിലെ ടെക്‌നോപാര്‍ക്ക് ക്ലബ്ബിലും കൊല്ലം ടെക്‌നോപാര്‍ക്കില്‍ അഷ്ടമുടി ബില്‍ഡിങ്ങിലുമാണ് ഇന്റേണ്‍ഷിപ്പ് ഫെയര്‍ നടക്കുക.
ഐ.സി.ടി അക്കാദമി കേരള, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ച് നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനായി https://ift.tt/qFVh726 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം ബിരുദം നേടിയവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷാഫലം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷനും ഇന്റര്‍വ്യൂവും വഴി ഇന്റേണ്‍ഷിപ്പിന് അവസരം നേടാം.
ആദ്യഘട്ടത്തില്‍ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലായി ആയിരത്തി അഞ്ഞൂറ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനാണ് കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് പദ്ധതിയിടുന്നത്. ആറുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയില്‍ മാസം 5000 രൂപ വരെ സര്‍ക്കാര്‍ വിഹിതമായി നല്‍കുകയും കുറഞ്ഞത് ഇതേ തുക തന്നെ നിയമിക്കുന്ന സ്ഥാപനം നല്‍കുകയും ചെയ്യും. ഐ.ടി, ഐ.ടി ഇതര വ്യവസായങ്ങളുടെ ആവശ്യത്തിന് മതിയായ പരിശീലനം ലഭിച്ചവരുടെ അപര്യാപ്തത പരിഹരിക്കാനായാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ 20 കോടി രൂപ വകയിരുത്തി ആറ് മാസക്കാലത്തെ ഇന്റേണ്‍ഷിപ്പ് പരിശീലന പരിപാടി വിഭാവനം ചെയ്തത്. ജൂലൈ 21ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ടെക്‌നോപാര്‍ക്കില്‍ വെച്ച് ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു.
Post a Comment