Join Our Whats App Group

ട്രിപ്പിൾ വിൻ: ജർമൻ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് അന്തിമഘട്ടത്തിൽ..


* ആദ്യ വർഷം അഞ്ഞൂറിലേറെ പേർക്ക് അവസരം ലഭിക്കുമെന്നു പ്രതീക്ഷ
നോർക്ക റൂട്ട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൾ വിൻ പ്രോഗ്രാം വഴിയുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്കു കടന്നതായി നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 13,000ത്തോളം അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത നാനൂറോളം ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയിലെയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷനിലേയും എട്ട് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റർവ്യൂ നടത്തുന്നത്. ഈ മാസം നാലിന് ആരംഭിച്ച ഇന്റർവ്യൂ 13ന് അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ദിനം മുപ്പതോളം പേരുമായുള്ള അഭിമുഖമാണ് നടന്നത്. ഉദ്യോഗാർഥികളുടെ  പ്രകടനം ജർമ്മൻ ഓഫീസർമാരുടെ  പ്രശംസ നേടിയെടുത്തിട്ടുണ്ട്. ആദ്യ വർഷം തന്നെ അഞ്ഞൂറിലധികം  നഴ്‌സുമാർക്ക് ജർമ്മനിയിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഭാവിയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കാനാകും. ഇപ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് തിരുവനന്തപുരത്ത് തന്നെ ജർമൻ ഭാഷയിൽ ബി1 ലവൽ വരെ സൗജന്യ പരിശീലനം നൽകിയ ശേഷമാകും ജർമനിയിലേക്കു കൊണ്ടുപോകുക. ജർമനിയിൽ എത്തിയ ശേഷവും ഭാഷാപരിശീലനവും അവിടുത്തെ തൊഴിൽ സാഹചര്യവുമായി ഇണങ്ങി ചേരാനും ജർമൻ രജിസ്‌ട്രേഷൻ നേടാനുമുള്ള പരിശീലനവും സൗജന്യമായി ലഭിക്കും.
നിലവിൽ ജർമൻ ഭാഷാ പ്രാവീണമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇൻ ഇന്റർവ്യൂവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയിൽ ബി1, ബി2 ലവൽ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാർഥികളെയാണ് വാക്ക് ഇൻ ഇന്റർവ്യൂവിന് പരിഗണിക്കുന്നത്. ഇടനിലക്കാരില്ലാതെ ജർമനിയിൽ ജോലി നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇന്ത്യയിൽ നിന്നും ജർമ്മനിയിലേക്കുള്ള ആദ്യ ഗവൺമെന്റ് ടു ഗവൺമെന്റ് റിക്രൂട്ട്‌മെന്റ് കരാറാണ് ട്രിപ്പിൾ വിന്നിലൂടെ യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ നടപടിക്രമങ്ങൽ സമയബന്ധിതമായി മുന്നേറുന്നതു കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തിലും യൂറോപ്പിൽ തൊഴിലവസരം തേടുന്ന യുവജനങ്ങൾക്കും ആഹ്ലാദം പകരുന്നതാണ്. ആരോഗ്യമേഖലയിൽ നിന്നും ഹോസ്പ്പിറ്റാലിറ്റി അടക്കമുള്ള മറ്റു തൊഴിൽ മേഖലകളിലേക്കു കൂടി റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കാനുള്ള എല്ലാ സാധ്യതയും പ്രയോജനപ്പെടുത്താൻ നോർക്ക റൂട്ട്‌സ് ശ്രമം തുടരും. എൻജിനീയറിംഗ്, ഐ.ടി., ഹോട്ടൽ മാനേജ്‌മെന്റ് അടക്കമുള്ള മേഖകളിൽ ധാരാളം ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഈ മേഖലകളിൽ കേരളത്തിന്റെ അക്കാദമിക നിലവാരം പരിശോധിക്കുന്നതിനും ജർമനിയിലെ കരിക്കുലം തൊഴിൽ നിയമങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി ജർമൻ ഉദ്യോഗസ്ഥരും കേരളത്തിൽ നിന്നുള്ള ബന്ധപ്പെട്ട മേഖലയിലെ വിദഗ്ധരും ഒത്തുചേർന്ന് ഇൻഡോ ജർമൻ മൈഗ്രേഷൻ ഉന്നതതല ശിൽപശാലയും സംഘടിപ്പിച്ചു. ശിൽപശാലയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തുടർ നടപടികൾക്ക് നോർക്ക് റൂട്ട്‌സ് മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലും വിവിധ മേഖലകളിൽ കേരളവുമായുള്ള സഹകരണം പ്രതീക്ഷിക്കുന്നതായി വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ജർമൻ ഫെഡറൽ എംപ്ലോയ്മന്റ് ഏജൻസി ഇന്റർനാഷണൽ റിലേഷൻസ് കൺട്രി ഓഫിസർ സ്റ്റെഫാനി ഹാല പറഞ്ഞു. നോർക്ക റൂട്സ് സി.ഇ.ഒ. കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജർമൻ ഏജൻസി ഫോർ ഇൻഷർനാഷണൽ കോ-ഓപ്പറേഷൻ പ്രോഗ്രാം മാനേജർ ഗുഡ്രുൻ നദോൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group