തൃശൂർ; വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ ചാലക്കുടി അഡീഷണൽ പ്രൊജക്റ്റ് പരിധിയിലുള്ള ആതിരപ്പള്ളി, കോടശ്ശേരി, പരിയാരം, മേലൂർ, പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ /ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഈ പഞ്ചായത്തുകളിൽ സ്ഥിരതാമസമള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. എസ് സി /എസ് ടി വിഭാഗത്തിലുള്ളവർക്ക് മൂന്നുവർഷത്തെ വയസ്സ് ഇളവ് അനുവദിക്കുന്നതാണ്. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിഞ്ഞിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ ശരി പകർപ്പുകൾ സമർപ്പിക്കണം. കവറിന് പുറത്ത് മുകൾഭാഗത്ത് വർക്കർ /ഹെൽപ്പർ സെലക്ഷൻ 2020 എന്ന് എഴുതേണ്ടതാണ്. നിശ്ചിത മാതൃകയിൽ ഇല്ലാത്തതോ, അപൂർണ്ണമോ, തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതോ, ആവശ്യമായ രേഖകൾ സമർപ്പിക്കാത്തതോ, ഒട്ടിക്കാത്തതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകളുടെ പരിശോധനകൾക്ക് ശേഷം അർഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. പിഎസ്സിയിൽ ക്ലാസ് ഫോർ ജീവനക്കാരുടെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഒഴിവ് വരുന്ന മുറയ്ക്ക് വനിതാ ശിശു വികസന വകുപ്പിൽ നിന്നുള്ള ഉത്തരവുകൾക്ക് വിധേയമായായിരിക്കും നിയമനം.
അപേക്ഷാഫോമിന്റെ മാതൃക ചാലക്കുടി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് അതിരപ്പിള്ളി, കോടശ്ശേരി, പരിയാരം, മേലൂർ പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകൾ 2020 സെപ്റ്റംബർ 9 ന് വൈകുന്നേരം 5 മണിവരെ പ്രവർത്തി സമയങ്ങളിൽ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. മറ്റ് സ്ഥലങ്ങളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതല്ല. നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പ്രോജക്ട്, ചാലക്കുടി അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി 680307.
إرسال تعليق