Join Our Whats App Group

പോലീസ് കോണ്‍സ്റ്റബിള്‍: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം; ബെഹ്റ


പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ നിയമനപ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് പരിശീലന കാലാവധി അടക്കം ഒരു വര്‍ഷമാണ് വേണ്ടിവരുന്നത്. അതിനാല്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് വരാവുന്ന ഒഴിവുകള്‍ കണക്കാക്കിയാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. ഇതിലേയ്ക്കായി റാങ്ക് ലിസ്റ്റ് കാലയളവില്‍ സര്‍ക്കാര്‍ 1200 താല്‍ക്കാലിക ട്രെയിനി പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ അനുവദിച്ചു നല്‍കാറുണ്ട്. ഈ തസ്തികകള്‍ കൂടി ഉള്‍പ്പെടുത്തി ബറ്റാലിയനിലേയ്ക്ക് 2021 ഡിസംബര്‍ 31 വരെ ഉണ്ടാകാവുന്ന 5408 ഒഴിവുകള്‍ പോലീസ് ആസ്ഥാനത്ത് നിന്ന് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും സ്പെഷ്യല്‍ യൂണിറ്റുകളിലും വിരമിക്കല്‍, സ്ഥാനക്കയറ്റം, മറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലേക്കുളള വിടുതല്‍, ബൈട്രാന്‍സ്ഫര്‍ നിയമനം, ശൂന്യവേതന അവധി, അന്യത്ര സേവനം എന്നിവയിലൂടെ ഉണ്ടാകാവുന്ന ഒഴിവുകള്‍ കൂടാതെ, സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി താല്‍ക്കാലിക പി.സി ട്രെയിനി തസ്തികകള്‍ കൂടി കണക്കാക്കിയാണ് ഏഴ് ബറ്റാലിയനിലേയ്ക്കും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. ഇതില്‍ 396 ഒഴിവുകള്‍ പട്ടികജാതി-വര്‍ഗ്ഗ വിഭാഗത്തിനും 4599 ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിനും 413 ഒഴിവുകള്‍ വനിതകള്‍ക്കുമാണ്. അതിനാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള മുഴുവന്‍ തസ്തികയിലേയ്ക്കും നിലവിലെ റാങ്ക് പട്ടികയില്‍ നിന്നുതന്നെ നിയമനം നടക്കും.

മുന്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കെ.എ.പി ഒന്ന്, അഞ്ച് ബറ്റാലിയനുകളിലെ റാങ്ക് പട്ടികയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യുന്നതിന് തടസ്സം വന്നിട്ടുണ്ട്. എങ്കിലും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള മുഴുവന്‍ ഒഴിവുകളിലേയ്ക്കും നിലവിലുളള റാങ്ക് പട്ടികയില്‍ ഉളളവര്‍ക്ക് ചട്ടപ്രകാരം ശുപാര്‍ശ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.

കൂടാതെ സേനയില്‍ ഉണ്ടാകുന്ന ഒഴിവില്‍ സ്പോര്‍ട്ട്സ് ക്വാട്ടാ നിയമനപദ്ധതി പ്രകാരം 72 പേര്‍ക്കും സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം 19 പേര്‍ക്കും കൂടി നിയമനാനുമതി നല്‍കിയിട്ടുളളതാണ്. ഇപ്രകാരം വളരെ ഫലപ്രദവും സമയബന്ധിതവുമായ റിക്രൂട്ട്മെന്‍റ് നടപടികളാണ് പോലീസ് വകുപ്പ് സ്വീകരിച്ചിട്ടുളളതെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group