Join Our Whats App Group

ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്താന്‍ പദ്ധതി



കേരളത്തിലെ ഐ.ടി.ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്തുന്നതിനുള്ള പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതിന് വ്യവസായ പരിശീലന വകുപ്പും ബംഗളൂരു ആസ്ഥാനമായ ഉദയം ലേണിംഗ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. 

കേരളത്തില്‍ ആദ്യമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ധാരണാപത്രം ഒപ്പുവച്ചതെന്ന പ്രത്യേകതയുമുണ്ട്. ചീഫ് സെക്രട്ടറി ടോം ജോസിന്റെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വ്യവസായ പരിശീലന വകുപ്പ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖറും വീഡിയോയിലൂടെ ഉദയം ലേണിംഗ് ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മെകിന്‍ മഹേശ്വരിയുമാണ് ഒപ്പുവച്ചത്. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യജിത്ത് രാജനും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചടങ്ങില്‍ സംബന്ധിച്ചു. 

ഉദയം ലേണിംഗ് ഫൗണ്ടേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട് ഐ. ടി. ഐയില്‍ പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇത് വിജയമാണെന്ന് കണ്ടത്തിനെ തുടര്‍ന്നാണ് ധാരണാപത്രം ഒപ്പുവച്ചത്. മൂന്നു വര്‍ഷമാണ് കരാര്‍ കാലാവധി. സംസ്ഥാനത്തെ എല്ലാ ഐ. ടി. ഐകളിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരത്തില്‍ പരിശീലനം നല്‍കും. 

വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിന് ഐ. ടി. ഐ ഇന്‍സ്ട്രക്ടര്‍മാരെ സജ്ജരാക്കും. പരിശീലനവും പഠനവും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും സ്വയം സംരംഭകരാകാനും സാധിക്കും. മൂന്നു വര്‍ഷം കൊണ്ട് 50,000 പേര്‍ക്ക് പരിശീലനം നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ രേണുരാജ്, പരിശീലന വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ പി. കെ. മാധവന്‍, ഉദയം ഫൗണ്ടേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group