നൈപുണ്യപരിശീലനം: ഐ.ഐ.ഐ.സി. അപേക്ഷ ക്ഷണിച്ചു; ഫീസിൽ 18 – 20 ശതമാനം ഇളവ്

 

തിരുവനന്തപുരം: സംസ്ഥാന തൊഴിൽവകുപ്പിനു കീഴിലെ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്  കൺസ്ട്രക്‌ഷനിലെ (ഐ.ഐ.ഐ.സി., കൊല്ലം) കോഴ്‌സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. സെപ്റ്റംബർ 12 ആണ് അവസാനതീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഫീസുകളിൽ 18 മുതൽ 20 വരെ ശതമാനം കുറവു വരുത്തിയിട്ടുണ്ട്.

ടെക്‌നിഷ്യൻ, സൂപ്പർവൈസറി, മാനേജീരിയൽ എന്നീ മൂന്നു തലങ്ങളിലായി പതിനെട്ടു നൈപുണ്യപരിശീലനപരിപാടികളാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നു മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള ഈ പരിപാടികളിൽ  പത്താം ക്ലാസ്സു മുതൽ എഞ്ചിനീയറിങ് വരെ ഉള്ളവർക്ക് അപേഷിക്കാം. ദേശീയ നൈപുണ്യയോഗ്യതാചട്ടക്കൂട് (നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രയിംവര്‍ക്ക്) മാനദണ്ഡങ്ങൾ പ്രകാരമാണ് എല്ലാ ടെക്‌നിഷ്യൻ കോഴ്സുകളും ചില സൂപ്പർവൈസറി കോഴ്സുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പ്ലസ് ടു പാസായവർക്ക് അപേഷിക്കാവുന്ന ആറു മാസത്തെ ക്വാളിറ്റി കണ്ട്രോൾ ടെക്‌നിഷ്യൻ ലെവൽ - 6, പത്തുമാസത്തെ പ്ലംബിംഗ് സൂപ്പർവൈസർ ലെവൽ - 6, ആറു മാസത്തെ പ്ലംബിംഗ് ഫോർമാൻ ലെവൽ - 5 എന്നീ സൂപ്പർവൈസറി പരിശീലനപരിപാടികൾ, പത്താം ക്ലാസ്സു പാസായവർക്ക് അപേഷിക്കാവുന്ന  ആറു മാസത്തെ പ്ലംബർ ജനറൽ ലെവൽ - 4, മൂന്നുമാസത്തെ അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ ലെവൽ - 3, കൺസ്ട്രക്‌ഷൻ ലബോറട്ടറി ടെക്‌നിഷ്യൻ ലെവൽ - 4, കൺസ്ട്രക്‌ഷൻ വെൽഡർ ലെവൽ - 4, കൺസ്ട്രക്‌ഷൻ പെയിന്റർ ആൻഡ് ഡെക്കറേറ്റർ ലെവൽ - 3, ബാർബെൻഡർ ആൻഡ് സ്റ്റീൽ ഫിക്സർ ലെവൽ - 4, അസിസ്റ്റന്റ് സർവേയർ ലെവൽ - 2  എന്നിവയാണ് ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടനുസരിച്ചുള്ള കരിക്കുലവും പ്രായോഗിക പരിശീലനവും ഉള്ള കോഴ്സുകൾ.

കേന്ദ്ര സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഈ കോഴ്സുകൾക്കു രൂപം നല്‍കിയിരിക്കുന്നത്. നാഷണൽ സ്കിൽ ക്വാളിറ്റി ഫ്രെയിംവർക്കിനു കീഴിലുള്ള പരിശീലനപരിപാടികൾ പാസ്സായി ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ പലതരത്തിലുള്ള ദേശീയ  തൊഴിൽ പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാനദണ്ഡമാണ്.

നിർമാണരംഗത്തെ സാദ്ധ്യതകൾ പരമാവധി ഉൾപ്പെടുത്തുന്ന കോഴ്സുകൾ മാനേജീരിയൽ തലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബിടെക് സിവിൽ /ബി ആർക്ക് പാസായവർക്ക് അപേഷിക്കാവുന്ന ആറു മാസത്തെ പ്രൊഫഷണൽ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം, ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്‌ഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ അർബൻ പ്ലാനിങ് ഡിസൈൻ  ആൻഡ് മാനേജ്‌‌മെന്റ്, ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്തവർക്കും ബിടെക് പാസ്സായവർക്കും അപേഷിക്കാവുന്ന ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫെസിലിറ്റീസ് മാനേജ്‌‌മെന്റ് ആൻഡ് കോൺട്രാക്ട് മാനേജ്‌‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ റീറ്റെയ്ൽ മാനേജ്‌മന്റ് എന്നിവയാണ് മാനേജീരിയൽ പരിശീലന പരിപാടികൾ.

ബിടെക് സിവിലിനു പുറമെ ഡിപ്ലോമ സിവിൽ, ഏതെങ്കിലും സയൻസ് ബിരുദദാരികൾ, ബിഎ ജ്യോഗ്രഫി വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാവുന്ന ആറു മാസംത്തെ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജിഐഎസ്/ജിപിഎസ്, പ്ലസ് ടു പാസായവർക്ക് അപേഷിക്കാവുന്ന ഒരു വർഷം ദൈർഘ്യമുള്ള പരിശീലനപരിപാടിയായ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് എന്നീ സൂപ്പർവൈസറിതല കോഴ്സുകൾക്കും അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും www.iiic.ac.in എന്ന വെബ്‌സൈറ്റ് കാണുക. ഫോൺ: 8078980000.
 


Post a Comment

Previous Post Next Post