Join Our Whats App Group

പ്രഖ്യാപിച്ചത് 10,000 തൊഴിൽ, നൽകിയത് 16828 എണ്ണം


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സെപ്റ്റംബർ വരെ നൽകിയത് 16,828 തൊഴിൽ. കേരള ചരിത്രത്തിൽ ആദ്യമായാണ് സഹകരണ രംഗത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് 92 ദിവസങ്ങൾക്കുള്ളിലാണ് ലക്ഷ്യവും കടന്ന് തൊഴിൽ നൽകുന്നത്.

10,000 തൊഴിൽ നൽകുന്നതിനായിരുന്നു പദ്ധതി തയ്യാറാക്കിയത്. സംരംഭകത്വ മേഖലയിൽ സഹകരണ വകുപ്പ് മികച്ച മുന്നേറ്റമാണ് നടത്തിയത്. പ്രാഥമിക സഹകരണ സംഘങ്ങളിൽ 151 പേർക്ക് സ്ഥിരം നിയമനം നൽകി. കേരള ബാങ്കിൽ 13 സ്ഥിരം നിയമനങ്ങളും നൽകി. കേരള ബാങ്കിൽ മാത്രം 10,093 സംരംഭക തൊഴിൽ അവസരങ്ങളാണ് സഹകരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സൃഷ്ടിച്ചത്. സഹകരണ വകുപ്പിൽ 27 നിയമനങ്ങളും നടന്നു. വിവിധ ജില്ലകളിൽ സംരംഭകത്വ വിഭാഗത്തിൽ 6540 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു.

ഏറ്റവും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചത് തിരുവനന്തപുരത്താണ്. ജില്ലയിൽ 1074 അവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് ആലപ്പുഴ ജില്ലയാണ്. 1038 പേർക്കാണ് തൊഴിൽ അവസരങ്ങൾ ഒരുക്കി നൽകിയത്. തൃശ്ശൂർ 597, എറണാകുളം 563, കണ്ണൂർ 533, ആലപ്പുഴ 503, പാലക്കാട് 414, കാസർഗോഡ് 413, മലപ്പുറം 381, കോഴിക്കോട് 273, കൊല്ലം 268, പത്തനംതിട്ട 169, ഇടുക്കി 158, വയനാട് 156 എന്നിങ്ങനയാണ് മറ്റു ജില്ലകളിൽ സഹകരണ വകുപ്പ് ഒരുക്കിയ തൊഴിൽ അവസരങ്ങൾ. കർമ്മ പദ്ധതി പൂർത്തിയാക്കുന്നതിനു മുമ്പ് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. യുവജനങ്ങളാണ് സംരംഭകത്വ മേഖലയിൽ കൂടുതലായി കടന്നു വരുന്നത്. ഈ സംരംഭങ്ങൾ പ്രാദേശിക സ്റ്റാർട്ട് അപ്പുകളായി മാറും. ഇപ്പോഴുള്ള പദ്ധതികളുടെ വിപുലീകരണത്തിനും സഹകരണ വകുപ്പ് പിന്നീട് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

സഹകരണ വകുപ്പ് മുന്നോട്ട് വച്ച ആശയവുമായി പൊതുജനങ്ങൾ പൂർണമായും സഹകരിച്ചു. കൃത്യമായ പദ്ധതികളുമായി എത്തിയവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സമയ ബന്ധിതമായി നൽകുകയും തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥ പരിശോധനകളിലൂടെ പദ്ധതികളുടെ നടത്തിപ്പും വിലയിരുത്തി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴിൽ രംഗത്തെ പ്രതിസന്ധി മറികടക്കാനാണ് സഹകരണ വകുപ്പ് പദ്ധതി ആവിഷ്‌കരിച്ച് നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമാക്കിയത്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ലോകമാകെ തൊഴിൽ അവസരങ്ങളെ ബാധിച്ചപ്പോൾ കേരളത്തിൽ ശക്തമായ ഇടപെടൽ നടത്താൻ സർക്കാരിനു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരം നടപ്പിലാക്കിയ പദ്ധതികൾ പ്രതിസന്ധി മറികടക്കാൻ സഹായകമായെന്നും മന്ത്രി വി.എൻ. വാസവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

10 വനിതാ സഹകരണ സംഘങ്ങൾക്ക് സംരഭകത്വം ആരംഭിക്കാൻ അഞ്ച് ലക്ഷം രൂപ വീതം നൽകിയതിനു പിന്നാലെ 27 യുവജന സഹകരണ സംഘങ്ങളും ആരംഭിച്ചിരുന്നു. സേവന മേഖലയിൽ പ്രവർത്തിക്കുന്ന യുവജന സഹകരണ സംഘങ്ങളിലൂടെ നിരവധി യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമായി. പ്രവർത്തനം കൂടുതൽ സജീവമാകുന്നതോടെ പ്രാദേശിക തലത്തിൽ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളായി യുവജന സംഘങ്ങൾ മാറുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പിൽ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളിൽ നാല് പദ്ധതികളും പൂർത്തിയാക്കിയിട്ടുണ്ട്. തൃശ്ശൂർ പഴയന്നൂരിലെ കെയർ ഹോം പദ്ധതിയും പൂർത്തിയായി വരുന്നു. അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് വീടുകൾ കൈമാറാൻ തയ്യാറെടുക്കുകയാണ്. ഇതോടെ നൂറു ദിന കർമ്മ പദ്ധതിയിൽ സഹകരണ വകുപ്പ് നൂറു ശതമാനം പ്രവർത്തനങ്ങളും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group