തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ച്ഡിൽ കരാർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഡയറക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റയും പ്രവൃത്തിപരിചയം തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകർപ്പ്, വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിക്കണം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷിക്കുന്നവർക്ക് നിലവിലെ സ്‌കെയിലിലാവും ശമ്പളം. കരാർ വിഭാഗത്തിൽ നിയമിക്കപ്പെടുന്നവർക്കുള്ള ഓണറേറിയം സർക്കാർ തലത്തിൽ നിശ്ചയിക്കുന്നതായിരിക്കും.
നിയമനം പരമാവധി അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ 60 വയസ്സ് വരെയോ ആയിരിക്കും.അപേക്ഷകർക്ക് ക്ലിനിക്കൽ സൈക്കോളജി/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക് വിഷയത്തിൽ കുറഞ്ഞത് രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദമുണ്ടാകണം.
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്ഥാപനത്തിൽ സൂപ്പർവൈസറി/ അധ്യാപക തസ്തികയിൽ ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
ബന്ധപ്പെട്ട മേഖലയിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും.വയസ്സ് 2021 ജനുവരി ഒന്നിന് 40നും 60നും ഇടയിലായിരിക്കണം.പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അപേക്ഷ അയയ്ക്കണം. കവറിനു പുറത്ത് ‘എസ്.ഐ.എം.സി പാങ്ങപ്പാറ ഡയറക്ടർ നിയമന അപേക്ഷ’ എന്ന് രേഖപ്പെടുത്തണം.
Post a Comment