2021ലെ നാഷനൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷ ഏപ്രിൽ 19ന് ദേശീയതലത്തിൽ നടത്തുമെന്ന് യു.പി.എസ്.സി അറിയിച്ചു. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷ ഓൺലൈനായി ജനുവരി 19നകം സമർപ്പിക്കണം. പ്ലസ് ടു വിജയിച്ച അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. ആർമി, നേവി, ഫയർഫോഴ്സ് വിഭാഗങ്ങളിൽ 147ാമത് കോഴ്സിലേക്കും. നേവൽ അക്കാദമിയുടെ നൂറ്റി ഒൻപതാമത് കോഴ്സിലേക്കുമുള്ള സെലക്ഷൻ ടെസ്റ്റാണിത്. കോഴ്സുകൾ 2022 ജനുവരി രണ്ടിന് ആരംഭിക്കും. ആകെ 400 ഒഴിവുകൾ.
നാഷനൽ ഡിഫൻസ് അക്കാദമിയിൽ 370 (ആർമി -208, നേവി -42, എയർഫോഴ്സ്-120), നേവൽ അക്കാദമിഗിൽ -30 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും ലഭ്യമായ ഒഴിവുകൾ. പരിശീലനം പൂർത്തിയാക്കുന്ന കേഡറ്റുകളെ ലഫ്റ്റനൻറ്/സബ് ലഫ്റ്റനൻറ്/ ട്രെയ്നിങ് കേന്ദ്രങ്ങളിലായി നിയമിക്കും.
എൻ.ഡി.എ ആർമി വിംഗിലേക്ക് പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. എയർഫോഴ്സ്, നേവൽ വിഭാഗങ്ങളിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് പ്ലസ് ടു തത്തുല്യ പരീക്ഷ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
2002 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. വിജ്ഞാപനം www.upsc.gov.inൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി http://upsconline.nic.inൽ ജനുവരി 19 വരെ സ്വീകരിക്കും. അപേക്ഷാഫീസ് 100 രൂപ. പട്ടികജാതി/വർഗ ഉദ്യോഗാർഥികൾക്കും ജെ.സി.ജ/എൻ.സി.ഒമാരുടെ കുട്ടികൾക്കും ഫീസില്ല. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്.
യു.പി.എസ്.സിയുടെ എഴുത്തുപരീക്ഷ, സർവീസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എസ്.എസ്.ബി ടെസ്റ്റും അഭിമുഖവും 2021 ജൂലൈ-സെപ്റ്റംബർ മാസങ്ങളിലുണ്ടാവും. എൻ.ഡി.എ/നേവൽ അക്കാദമി പരീക്ഷക്ക് കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.
പഠനപരീശീലനങ്ങൾ പൂർത്തിയാകുന്നവർക്ക് ബി.എസ്സി/ബി.എ/ബി.ടെക് ബിരുദങ്ങൾ സമ്മാനിക്കും.പരിശീലന കാലം 56100 രൂപ പ്രതിമാസം സ്റ്റൈപ്പൻറ് ലഭിക്കും. പരിശീലനം പൂർത്തിയാകുന്ന കേഡറ്റുകളെ 56100-77500 രൂപ ശമ്പളത്തിൽ ഓഫിസറായി നിയമിക്കും.
Post a Comment