ആലപ്പുഴ: ആകെ 200 കോടിയിലധികം രൂപ ചെലവഴിച്ചാണ് ആലപ്പുഴ പൈതൃകപദ്ധതിയുടെ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കി വരുന്ന ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. 5 മ്യൂസിയങ്ങൾ, 2സ്മാരകങ്ങൾ, 4 പൊതു ഇടങ്ങൾ ഉൾപ്പെടെ 11മേഖലകളിലായാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
പുനരുദ്ധാരണ – നവീകരണ-നിർമ്മാണ പ്രവർത്തനങ്ങൾ ആലപ്പുഴ പട്ടണത്തിലെ ഏതാനും പുരാതന കെട്ടിടങ്ങൾ പുനരുദ്ധരിച്ചുകൊണ്ട് കയറും കയറുൽപ്പന്നങ്ങളും കയർജീവിതവും പ്രതിപാദിക്കുന്ന യാൺമ്യൂസിയം, കയർഹിസ്റ്ററി മ്യൂസിയം, ലേബർ മൂവ്മെന്റ്സിയം, ലിവിംഗ് കയർ മ്യൂസിയം എന്നിവ കൂടാതെ, പോർട്ട് മ്യൂസിയം, മാരിടൈം സിഗ്നലീംഗ് മ്യൂസിയവും നിർമ്മിച്ച് വരുന്നു. ടൂറിസം വകുപ്പ് മുഖേന 35 കോടി, കയർ വകുപ്പ് മുഖേന 10 കോടി, തുറമുഖവകുപ്പ് മുഖേന 1.25 കോടി, കിഫ്ബി മുഖേന 162 കോടിയും ചെലവഴിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് 2018 മുതൽ തുടക്കംകുറിച്ചതെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് പുറത്ത് നഗരത്തിലെ റോഡുകള്‍ എല്ലാം ആധുനിക രീതിയില്‍ നവീകരിച്ചുകഴിഞ്ഞു. നഗരത്തിലെ പാലങ്ങളെല്ലാം വിപുലമാക്കി വരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ഞൂറുകോടി രൂപ മുതല്‍ മുടക്കി ആരംഭിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ഹബ്ബ് ജില്ല കണ്ട ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാകും. കെ.എസ്.ആര്‍.ടി.സി മന്ദിരം ഏഴുനിലകളിലായി വള്ളത്തിന്റെ മാതൃകയിലാണ് നിര്‍മിക്കുക. അതിലും വലിയ വികസനമായിരിക്കും ജലഗതാഗത വകുപ്പിന് ഉണ്ടാവുന്നത്. ആലപ്പുഴയ്ക്ക് അതി വിപുലമായ പാരമ്പര്യവും ചരിത്രവുമാണ് ഉള്ളതെന്നും അത് സംരക്ഷിക്കാനും മ്യൂസിയമാക്കാനുമുള്ള നടപടികള്‍ വിനോദ സഞ്ചാരമേഖലയെ ഏറെ പരിപോഷിപ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.
Post a Comment