Join Our Whats App Group

അങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷിക്കാം


ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴിൽ അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ടിൽ നിലവിലുള്ളതും സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓണറേറിയം അടിസ്ഥാനത്തിലാണ് നിയമനം. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്ത് പ്രദേശത്ത് സ്ഥിരതാമസമുള്ളവർക്കേ അപേക്ഷിക്കാൻ അർഹതയുള്ളു.

വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. ജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എൽ.സി. ജയിച്ചവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാൻ പാടില്ല. എസ്.എസ്.എൽ.സി. ജയിച്ച പട്ടികജാതി/വർഗ്ഗക്കാരുടെ അഭാവത്തിൽ തോറ്റവരെയും വർക്കർ തസ്തികയിലേക്കു പരിഗണിക്കും. പ്രായം 2020 ജനുവരി ഒന്നിന് 18- 46വയസ് മധ്യേ. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് മൂന്നു വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. മുൻ പരിചയം ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ അവർ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി മൂന്നു വർഷം) ഇളവ് അനുവദിക്കും. അപേക്ഷാഫോറത്തിന്റെ മാതൃക അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ ലഭിക്കും.അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി, താമസസ്ഥലം (റേഷൻ കാർഡ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, റേഷൻ കാർഡിൽ പേരില്ലാത്തവർ താമസസ്ഥലം തെളിയിക്കുന്നതിന് ബന്ധപ്പെട്ട’ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള സ്ഥിരതാമസ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നൽകണം.

താത്കാലികമായി ജോലി നോക്കിയിരുന്ന വർക്കർ/ഹെൽപ്പർ അതു തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം ഹാജരാക്കണം. പബ്ളിക് സർവീസ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള സംവരണതത്വം പാലിച്ചുകൊണ്ടായിരിക്കും ക്ളാസ് ഫോർ ജീവനക്കാരുടെ നിയമനം. 2009,2012,2014,2016 വർഷങ്ങളിൽ ഈ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ അപേക്ഷ സമർപ്പിക്കേണ്ടതില്ലായെന്ന് അമ്പലപ്പുഴ ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.പൂരിപ്പിച്ച അപേക്ഷ ശിശുവികസനപദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, അമ്പലപ്പുഴ, സനാതനപുരം പി.ഒ., ആലപ്പുഴ 688 003 എന്ന വിലാസത്തിൽ ഒക്ടോബർ 28 വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരം 0477-2268598, 8281999132 എന്ന നമ്പരിൽ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group