Join Our Whats App Group

മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലവസരം


തിരുവനന്തപുരം;  സമുദ്ര ഭക്ഷ്യ വിഭവങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ട് നാല് കോടി രൂപ ചെലവിൽ വിഴിഞ്ഞം ഹാർബർ പരിസരത്ത് നിർമ്മിക്കുന്ന ആധുനിക സമുദ്ര ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റിന്റെ നിർമ്മാണ ഉദ്ഘാടനം ഫിഷറീസ് ഹാർബർ എൻജിനിയറിങ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഓൺലൈനായി നിർവഹിച്ചു.

മത്സ്യത്തൊഴിലാളി വനിതകൾക്ക് സ്ഥിരം വരുമാനത്തോടെ സ്ഥിരം തൊഴിൽ നൽകാൻ യൂണിറ്റ് പ്രവർത്തന ക്ഷമമാകുന്നതോടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകളുടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിനു പുറമെ ഗുണ നിലവാരത്തോടെയുള്ള മത്സ്യ സംസ്‌കരണവും വിപണനവും ഇതിലൂടെ സാധിക്കും. പ്രതിദിനം 10 ടൺ മത്സ്യം സംസ്‌കരിച്ച് സൂക്ഷിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

സംസ്‌ക്കരണ യൂണിറ്റിനോടനുബന്ധിച്ച് വിപണന ഔട്ട്‌ലെറ്റും ഉണ്ടായിരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി വനിതകൾക്ക് വിദഗ്ദ്ധ പരിശീലനം നൽകും.ഹാർബറുകളിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന മത്സ്യം മൂല്യശോഷണം സംഭവിക്കാതെ സംസ്‌ക്കരണ യൂണിറ്റിലെത്തിച്ച് പ്രീ പ്രോസസ്സിംഗ്, പ്രോസസ്സിംഗ് എന്നിവയിലൂടെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി ഉപഭോക്താക്കൾക്ക് നൽകും. സംസ്‌ക്കരണ യൂണിറ്റിൽ പ്രോസസ്സിംഗ്, പാക്കിംഗ് വിഭാഗത്തിന് പുറമേ ശുദ്ധമായ ഐസ് ലഭ്യതയ്ക്കായി ട്യൂബ് ഐസ് പ്ലാന്റ്, ചിൽ റൂം സംവിധാനം, ക്വാളിറ്റി കൺട്രോൾ ലാബ്, ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് എന്നിവ ഉണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം ആഴകുളത്ത് ഒരു സീഫുഡ് റസ്റ്റോറന്റും പ്രവർത്തനം ആരംഭിക്കും. സംസ്‌ക്കരണ യൂണിറ്റിൽ നിന്ന് നേരിട്ടോ ഓൺലൈനായോ ഉപഭോക്താക്കൾക്ക് ഉൽപ്പന്നം വാങ്ങാനാകും. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ വരുമാനവും ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണരീതിയും ജീവിതശൈലിയും പ്രദാനം ചെയ്യുന്നതിന് പദ്ധതി ഉപകരിക്കും. ഹാർബറിനു പരിസരത്തായുള്ള മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്തി നൽകിയാൽ അവിടെ ഭവന സമുച്ചയം നിർമ്മിച്ചു നൽകുമെന്നും മന്ത്രി വ്യക്തമാക്കി.എം. വിൻസെന്റ് എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group